Thursday, 19 March 2015

ദേശീയ ഗയിംസില്‍ സുവര്‍ണ്ണ നേട്ടം കൈവരിച്ച ശാലു പ്രകാശിന് അഭിനന്ദനങ്ങള്‍

അഭിനന്ദനങ്ങള്‍ ....
നാഷണല്‍ ഗയിമ്സില്‍ കനോയിംഗ് കയാക്കിംഗ് വിഭാഗത്തില്‍ ഒരു സ്വര്‍ണ്ണവും വെള്ളിയും അടക്കം രണ്ടു മെഡലുകള്‍ നേടി നാടിന്റെ അഭിമാനമായി മാറിയ ശാലു പ്രകാശിന് അഭിനന്ദനങ്ങള്‍ ..  . മാമ്പുഴക്കരി യുടെ ചരിത്രത്തില്‍ ആദ്യമായാണ്‌ ഏതെങ്കിലും  ഒരു വ്യക്തി ദേശീയ ഗയിംസില്‍ പങ്കെടുക്കുന്നത് തന്നെ. ഭാരതത്തിലെ 120 കോടി ജനങ്ങളെ പ്രതിനിധീകരിക്കുന്ന കായിക മാമാങ്കത്തില്‍ അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ചു നാടിന്റെ പെരുമ ഉയര്‍ത്തിയ ശാലു തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു. വിവിധ ദേശീയ ചാമ്പ്യന്‍ഷിപ്പുകളില്‍ ആയി 16 സ്വര്‍ണ്ണവും 14 വെള്ളിയും 4 വെങ്കലവും അടക്കം 34 മെഡലുകള്‍ നേടിയ ശാലു പ്രകാശ് ഭാരതത്തെ പ്രതിനിധീകരിച്ചു ഇറാനില്‍ അന്താരാഷ്‌ട്ര മത്സരത്തിലും പങ്കെടുത്തിട്ടുണ്ട്. ഈ വിജയം നാടിന്റെ കായിക സങ്കല്‍പ്പങ്ങള്‍ക്ക് ചോദന നല്‍കട്ടെ

എ. സി റോഡില്‍ വാഹനാപകടങ്ങള്‍ തുടര്‍ക്കഥ ആകുന്നു

സുഹൃത്തുക്കളെ., 
എ. സി റോഡില്‍ മാമ്പുഴക്കരിയില്‍ വാഹനാപകടങ്ങള്‍ തുടര്‍ക്കഥ ആകുകയാണ് . അപകടങ്ങള്‍ വര്‍ധിക്കാന്‍ പ്രധാന കാരണം അധികൃതരുടെ അലസ സമീപനമാണ് എന്നാ കാര്യത്തില്‍ തര്‍ക്കം ഇല്ല. അപകടങ്ങളില്‍ ചിലരെ മരണം കവര്ന്നെടുക്കുമ്പോള്‍ മറ്റു ചിലരെ മാരകമായി പരുക്കേല്‍പ്പിച്ചു മരിച്ചു ജീവിക്കാന്‍ വിടുന്നു. മരണത്താല്‍ അനാധമാക്കപ്പെടുന്ന കുടുംബങ്ങള്‍..മറ്റുള്ളവരുടെ ആനുകൂല്യത്താല്‍ കഴിയേണ്ടി വരുന്ന അംഗ ഭംഗം വന്നവര്‍.. വേഗപ്പാച്ചിലിലും ഒരു നിമിഷാര്‍ദ്ധത്തെ അശ്രദ്ധയിലും നഷ്ട്ടപെടുന്നത് എന്തെല്ലാമാണ്. ദൂരെയെവിടെയോ കാത്തിരിക്കുന്ന കുടുംബത്തിലേക്ക് ഓടിയെത്താന്‍ പുറപ്പെട്ട ഗ്രഹനാഥനെ.., ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ഓടി നടക്കുന്ന വഴിയാത്രക്കാരനെ.., അതെ.., അപകടത്തോടെ ഇവിടെയെല്ലാം താറുമാറാകുകയാണ് .. നിലവിളികള്‍ക്കും ആക്രോശങ്ങള്‍ക്കും റോഡില്‍ തളം കെട്ടിയ ചോരക്കും ചാനലുകളിലെ ഫ്ലാഷ് ന്യൂസിനും ഒരു ദിവസത്തെ ആയുസ്സ് മാത്രം. ഡ്രൈവര്‍ മാരുടെ അമിത വേഗതയും അശ്രദ്ധമായ ഡ്രൈവിങ്ങും സൈന്‍ ബോര്‍ഡുകളുടെയും വഴി വിളക്കുകളുടെയും അഭാവവും അശാസ്ത്രീയമായ പാലങ്ങളും എ.സി റോഡിനെ ചോരയുടുപ്പിക്കുന്നു. എ.സി റോഡ്‌ പുനര്‍ നിര്‍മ്മാണ കരാറില്‍ ഉള്‍പ്പെടുത്തിയിരുന്ന ചെറു പാലങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായിട്ടില്ല. പുനര്‍ നിര്‍മ്മാണത്തോടെ വര്‍ദ്ധിച്ച റോഡിന്‍റെ വീതിക്കു ആനുപാതികമായ വീതി ചെറു പാലങ്ങള്‍ക്ക് ഇല്ലാത്തതാണ് അപകടങ്ങള്‍ക്കുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന്. മാമ്പുഴക്കരി പാലത്തില്‍ ഇപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്ന അപകടങ്ങള്‍ ഇതിനു തെളിവാണ്. വീതിയുള്ള റോഡില്‍ നിന്നും ഇടുങ്ങിയ പാലത്തിലേക്ക് പ്രവേശിക്കുന്ന അപകടകരമായ സാഹചര്യം സൂചിപ്പിക്കുന്ന ബോര്‍ഡുകളോ വഴി വിളക്കോ റിഫ്ലക്ടര്‍ സംവിധാനമോ ഇല്ല. റോഡിന്‍റെ വീതിയെ സൂചിപ്പിക്കുന്ന വെളുത്ത ലൈനുകള്‍ പൊടുന്നനെ ഇടുങ്ങിയ പാലത്തിലേക്ക് നീളുന്നത് ഡ്രൈവര്‍മാരെ ആശയ ക്കുഴപ്പത്തില്‍ എത്തിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. കോടികള്‍ ചിലവഴിച്ചു നിര്‍മ്മിച്ച എ.സി റോഡിനു ഇരുവശത്തും വഴി വിളക്കുകള്‍ ഇല്ല. ഉള്ളവ കൃത്യമായി കത്തുന്നും ഇല്ല. ചെറിയ അപകടങ്ങളില്‍ പെടുന്നവരെ വലിയ ദുരന്തത്തിലേക്ക് എത്തിക്കുന്നതും വേഗത്തിലുള്ള രക്ഷാപ്രവര്ത്തനത്ത്തിനു വിഘാതമാകുന്നതും എ.സി റോഡിലെ വെളിച്ച കുറവാണ്. ആധുനിക വാഹനങ്ങള്‍ 100-110 കി.മി വേഗതയില്‍ ചീറിപ്പാഞ്ഞു വരുന്ന എ.സി റോഡില്‍ റോഡു മുറിച്ചു കടക്കുക തന്നെ ശ്രമകരം ആണ്. വേഗക്കാരെ പിടികൂടാനോ പിഴ ചുമത്താനോ ഹൈവേ പോലീസോ മറ്റു പോലീസുകാരോ ശ്രമിക്കാരും ഇല്ല. പതിയിരുന്ന ഹെല്‍മറ്റ് വേട്ട നടത്തുന്നതില്‍ അവര്‍ ബദ്ധ ശ്രദ്ധാലുക്കളും ആണ്.
എ.സി റോഡിലെ ഈ നരഹത്യക്ക് ബോധപൂര്‍വ്വം കൂട്ട് നില്‍ക്കുന്നു എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള അലംഭാവം അധികാരികള്‍ വെടിയാത്ത പക്ഷം അതി ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് നമ്മള്‍ തയ്യാറെടുക്കേണ്ടി വരും. പേരുകള്‍ നിങ്ങള്‍ക്കെല്ലാം അറിയാവുന്നതിനാല്‍ ഞാന്‍ പരാമര്‍ശിക്കുന്നില്ല എങ്കിലും നമ്മുടെ പ്രദേശത്തെ നിരവധി പേരുടെ ജീവന്‍ എ.സി റോഡില്‍ പൊലിഞ്ഞിട്ടുള്ള കാര്യം ഈ അവസരത്തില്‍ ഓര്‍മ്മിപ്പിക്കുന്നു. ഉറ്റവരെ നഷ്ട്ടപ്പെട്ട പ്രിയപ്പെട്ടവരുടെ വേദനകള്‍ നമ്മെ കാലങ്ങളോളം വേട്ടയാടും എന്നാ കാര്യത്തില്‍ തര്‍ക്കം ഇല്ല. അധികാരികള്‍ അലംഭാവം തുടര്‍ന്നാല്‍ പോരാട്ടം അല്ലാതെ മറ്റു മാര്‍ഗ്ഗം നമുക്കില്ല. പ്രതികരിക്കുക..പ്രതിഷേധിക്കുക..

ആര്‍ച്ചക്ക് അഭിനന്ദനങ്ങള്‍. 
=====================
കഴുത്തില്‍ സ്റ്റെതും, വിരല്‍ തുമ്പില്‍ ശമന താളവുമായി മാമ്പുഴക്കരിയില്‍ നിന്നും ഇതാ ഒരു മിടുക്കി. എം.ബി.ബി.എസ്സ് പരീക്ഷയില്‍ ഉന്നത വിജയം നേടി നാടിനു മറ്റൊരു അഭിമാന മുഹൂര്‍ത്തം സമ്മാനിച്ച ആര്‍ച്ച ക്ക് ഒരായിരം അഭിനന്ദനങ്ങള്‍.. നമ്മുടെ നാട്ടിലെ യുവ തലമുറയ്ക്ക് ആവേശവും പ്രചോദനവും നല്‍കുന്നതായി ഈ നേട്ടം മാറും എന്നുറപ്പുണ്ട്‌.
ഇന്ത്യന്‍ വൈദ്യ വിദ്യാഭ്യാസരംഗത്ത് വര്‍ധിച്ചുവരുന്ന വ്യാപാരവത്കരണവും സ്വകാര്യവത്കരണവും കുറെയേറെ ധാര്‍മിക പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ഒരു വലിയ വിഭാഗം വൈദ്യവിദ്യാഭ്യാസം മോഹിക്കുന്നവരുടെയും നേടുന്നവരുടെയും നല്‍കുന്നവരുടെയും മുഖ്യ ലക്ഷ്യം ധനസമ്പാദനമാണെന്നത് ഇന്നത്തെ സത്യം.
സാമൂഹ്യസേവനത്തിന്റെ മുഖം മൂടിക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന ചോരമണം കൊതിക്കുന്ന ഭിഷഗ്വരന്മാരും കള്ളപ്പണക്കാരും അത്യാര്‍ത്തിക്കാരുമായ കോര്‍പ്പറേറ്റുകളും മൂലധന സ്രോതസ്സ് ആകുന്ന ആതുര സേവന മേഖലയില്‍ സേവനത്തിന്റെയും സ്നേഹ സാമീപ്യത്തിന്റെയും പുത്തന്‍ പാത തുറക്കാന്‍ ആര്ച്ചക്ക് കഴിയെണ്ടാതായുണ്ട്.
. " മനുഷ്യരാശിയുടെ സേവനത്തിന് ഞാന്‍ സ്വയം സമര്‍പ്പിക്കുന്നു. മനഃസാക്ഷിയോടെയും അന്തസ്സോടെയും ഞാന്‍ എന്റെ ജോലി നിര്‍വഹിക്കും. എന്റെ രോഗിയുടെ ആരോഗ്യമായിരിക്കും എന്റെ പ്രഥമ പരിഗണന. . വൈദ്യവൃത്തിയുടെ ശ്രേഷ്ഠതയും മഹദ് പാരമ്പര്യവും സംരക്ഷിക്കാന്‍ എന്നാല്‍ കഴിവുള്ളതെല്ലാം ഞാന്‍ ചെയ്യും. ഭീഷണിക്കിരയായാല്‍ പോലും മാനുഷിക തത്ത്വങ്ങള്‍ക്കെതിരെ എന്റെ വൈദ്യവിജ്ഞാനം ഞാന്‍ ഉപയോഗിക്കില്ല."
ഡോക്ടര്‍ വൃത്തിയിലേക്ക് പ്രവേശിക്കുന്ന യുവ ബിരുദധാരികള്‍ ഏറ്റു പറയുന്ന സംക്ഷിപ്ത പ്രതിജ്ഞ യോട് നീതി പുലര്‍ത്താനും നാടിന്റെ അപ്പോത്തിക്കിരി ആയി മാറാനും കഴിയട്ടെ എന്നാശംസിക്കുന്നു
"ബ്ലാക്ക്‌ കോഫി " യും " സെക്കണ്ട്സ് " ഉം പറയാതെ പറയുന്നത് 
=====================================================
മാമ്പുഴക്കരിയുടെ സൌഹൃദ കൂട്ടായ്മയില്‍ രണ്ടു ലഘു ചിത്രങ്ങള്‍ ഒരുങ്ങുന്നു. നവോത്ഥാനവും സാമൂഹിക പരിക്ഷ്ക്കരണവും ദാരുണമായ തിരിഞ്ഞു നടത്തത്തിലാണ്. ഈ പിന്‍മടക്കം തന്നെയാണ് വൃദ്ധരോടുള്ള മലയാളികളുടെ സമീപനത്തിലും മാറ്റം ഉണ്ടാക്കിയത്. കാലപ്പകര്‍ച്ചയില്‍ അന്യരായി മാറിയവര്‍ .. വാര്‍ദ്ധക്യത്തിന്റെ ഒറ്റപെടലുകളും വിഹ്വലതകളും പ്രമേയമാക്കി പ്രിയ സുഹൃത്ത് രമ്യേഷ് ശശിധരനും മിഥുന്‍ രാജും വിപിന്‍ മണിയനും മാമ്പുഴക്കരിയിലെ മറ്റു യുവ പ്രതിഭകളും ചേര്‍ന്നു അണിയിച്ചൊരുക്കുന്ന " ബ്ലാക്ക്‌ കോഫീ " ആണ് ഒന്ന്. മറ്റൊന്ന് കുഞ്ഞനുജന്‍ ലിന്റോ തോമസ്‌ സംവിധാനവും പ്രധാന വേഷവും ചെയ്യുന്ന " സെക്കന്റ്സ് " ആണ്. ക്യാമറ കൈകാര്യം ചെയ്യുന്ന അലെന്‍ ആന്റണി , നിര്‍മ്മാതാവ് ജെറിന്‍, ടോബി, മിഥുന്‍ തുടങ്ങിയവരെല്ലാം ഈ നാട്ടിലെ നാളെയുടെ വാഗ്ദാനങ്ങള്‍ ആയ കുരുന്നു പ്രതിഭകള്‍ തന്നെ.
ഈ കൂട്ടായ്മകള്‍ പറയാതെ പറയുന്ന ഒരു കാര്യമുണ്ട്. തീർച്ചയായും നമ്മളിൽ എല്ലാവർക്കും ഒരു കഴിവുണ്ട്. മറ്റുള്ളവരിൽ നിന്നും നമ്മളെ വ്യത്യസ്തരാക്കുന്ന ഒരു കഴിവ്. അത് തിരിച്ചറിയുന്നവർ ഒരിക്കലും എങ്ങും എത്തപ്പെടാതെ പോയിട്ടില്ല. ജീവിത വിജയം നേടിയവരുടെ ചരിത്രവും അവര്‍ കുറിച്ചിട്ട ആശയങ്ങളും പരിശോധിച്ചാല്‍, തങ്ങളില്‍ നിന്നു തന്നെ വളര്‍ത്തുകയും വെളിച്ചമാക്കുകയും ചെയ്ത 'ആത്മ വിശ്വാസം' എന്ന ഒരമൂല്യ ഘടകത്തെ കുറിച്ചു നമ്മളും ചിന്തിച്ചു പോകും. ഒട്ടേറെ പ്രതിസന്ധികള്‍ തരണം ചെയ്തു, സംഘ ബോധത്തിന്റെ കരുത്തുമായി ലക്ഷ്യത്തിലേക്ക് അടുക്കുന്ന പ്രതിഭാധനന്മാരായ പ്രിയ സുഹൃത്തുക്കള്‍ക്കും കുഞ്ഞനുജന്മാര്‍ക്കും ഒരായിരം അഭിനന്ദനങ്ങള്‍.. നാളെകള്‍ നിങ്ങളുടെതാകട്ടെ എന്നാശംസിക്കുന്നു.





Thursday, 16 January 2014

പൊതു വിദ്യാഭ്യാസം സംരക്ഷിക്കാൻ മുന്നിട്ടിറങ്ങുക.

കേരളത്തിന്റെ സാമുഹ്യ വികസനത്തിന് പൊതു വിദ്യാഭ്യാസം വഹിച്ച പങ്കു പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുണ്ട് . മലയാളി സമൂഹം ഇന്നനുഭവിക്കുന്ന ഉയര്ന്ന ജീവിത നിലവാരത്തിന്റെ അടിസ്ഥാനം സാര്വത്രിക വിദ്യാഭ്യാസവും അതിനു പശാത്തലമായി പ്രവര്ത്തിച്ച കേരള നവോത്ഥാന പ്രസ്ഥാനവും അതിലുടെ ശക്തിപെട്ട രാഷ്ട്രീയ ബോധവും ഭൂപരിഷ്കരണം പോലുള്ള നടപടികളുമാണെന്നു പല പണ്ഡിതന്മാരും നിരീക്ഷിക്കുകയുണ്ടായി . നവോത്ഥാന പ്രസ്ഥാനത്തിന്റെയും ദേശീയ പ്രസ്ഥാനത്തിന്റെയും പ്രധാനപ്പെട്ട ഒരു മേഖലയായിരുന്നു വിദ്യാഭ്യാസ പ്രവര്ത്തനം . വിദ്യ കൊണ്ട് പ്രബുദ്ധരാവാനും സംഘം കൊണ്ട് ശക്തരാവാനും ആഹ്വാനം ചെയ്ത ശ്രീനാരായണഗുരുവും ദളിതര്ക്കിടയില് ഈ ബോധം വളര്ത്താന് ശ്രമിച്ച അയ്യങ്കാളിയും സ്വാമി ആനന്ദതീ൪ത്ഥനുമൊക്കെ നവോത്ഥാന പ്രസ്ഥാനത്ഥിലൂടെ സാര്വര്ത്തിക വിദ്യാഭ്യാസത്തിനുവേണ്ടി പ്രവര്ത്തിച്ചവരാണ്. പത്തൊന്പതാം നൂററാണ്ടിന്റെ ഒടുവിലും ഇരുപതാം നൂററാണ്ടിന്റെ ആദ്യ ദശകങ്ങളിലും വളരെ വ്യാപകമായി പ്രാഥമിക വിദ്യാലയങ്ങള് കേരളത്തില് രുപപെട്ടതങ്ങനെയാണ് . നാട്ടുകാരുടെ സഹകരണവും ,പിന്തുണയും ആര്ജിച്ചുകൊണ്ട് വളര്ന്നു വികസിച്ചു വന്ന എയ്ഡഡ് വിദ്യാലയങ്ങള് നിയമനാധികാരം ഒഴികെയുള്ള മറ്റെല്ലകാര്യത്തിലും സര്ക്കാര് വിദ്യാലയങ്ങള്ക്ക് തുല്യമാണ്. അവ പൊതുവിദ്യാലയങ്ങളായി പരിഗണിക്കുന്നത് അതുകൊണ്ടാണ്. സര്ക്കാര് വിദ്യാലയങ്ങളും എയ്ഡഡ് വിദ്യാലയങ്ങളും അടങ്ങുന്ന പൊതു വിദ്യാലയങ്ങള് കേരളത്തിലെ അംഗീകൃത വിദ്യാലയങ്ങളുടെ 93 % വരും. അതുകൊണ്ടുതന്നെ കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതി പൊതു വിദ്യാലയങ്ങളിലൂടെ മാത്രമേ സാധ്യമാവു എന്നതില് യാതൊരു സംശയവുമില്ല. എന്നാലിന്ന് വിദ്യാഭ്യാസം സേവനമാല്ലതായി മാറിക്കൊണ്ടിരിക്കുകയും ലാഭമുണ്ടാക്കി പ്രവര്ത്തിക്കേണ്ട സ്ഥാപനങ്ങളാണ് വിദ്യാലയങ്ങള് എന്നാ കാഴ്ചപ്പാടുകള് വളര്ന്നു വരികയും ചെയ്യുന്നുണ്ട്. ആഗോളതലത്തിലുള്ള ഈ കാഴ്ച്ചപ്പടിനനുകുലമായി നമ്മുടെ സര്ക്കാരുകളുടെ നിലപാടുകളും മാറിക്കൊണ്ടിരിക്കുന്നുണ്ട് .കേരളത്തില് ഇപ്പോള് ഏഴ് ശതമാനം മാത്രമേ അണ് എയ്ഡഡ് സ്കൂളുകള് ഉള്ളുവെങ്കിലും അംഗീകൃതമായ ഇംഗ്ലീഷ് സ്കൂളുകളുടെ എണ്ണം പെരുകികൊണ്ടിരിക്കുകയാണ്. ഇവയുടെ എണ്ണം സംബന്ധിച്ചു കൃത്യമായ കണക്കുകളൊന്നും ലഭ്യമല്ലെങ്കിലും ഏതാണ്ട് നാലായിരത്തോളം ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങള് അംഗീകാരമില്ലാതെ പ്രവര്ത്തിക്കുന്നുണ്ടെന്നാണ് മതിപ്പ് .ഇവ ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസത്തിനായുള്ള കച്ചവട പരമായ പ്രേരണ ചെലുത്തിക്കൊണ്ടിരിക്കുന്നതിനാല് മധ്യവര്ഗ്ഗ വിഭാഗങ്ങളില് മാത്രമല്ല സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവരില്പോലും ഇതിനോടനുകൂലമായ നിലപാടുകള് വളര്ന്നു വരികയാണ്, ഇന്ന് നമ്മുടെ പൊതുവിദ്യാഭ്യാസം നേരിടുന്ന വെല്ലുവിളികളില് ഒന്നാണിത്. മെച്ചപ്പെട്ട സൌകര്യങ്ങളും കെട്ടും മറ്റും സംവിധാനങ്ങളൊക്കെ ചേര്ന്ന് ആകര്ഷകമായ രീതിയില് നടക്കുന്ന ഈ പുതിയ വിഭാഗം ഇംഗ്ലീഷ് മീഡിയം അണ്എയിഡഡ് സ്കൂളുകളിലെ പഠന പ്രക്രിയ അശാസ്ത്രിയവും അദ്ധ്യാപക കേന്ദ്രീക്രിതവും ഒക്കെയാണെങ്കിലും രക്ഷിതാക്കള് അവയിലേക്കു ആകര്ഷിക്കപ്പെടുന്നുണ്ട് .പൊതു വിദ്യാലയങ്ങളില് വിദ്യാര്ത്ഥികളുടെ എണ്ണം കുരയുവാനും ക്രമേണ പൂട്ടപ്പെടാനും ഇത് കാരനമായിക്കൊണ്ടിരിക്കുന്നു. ഇത്തരത്തില് ലാഭകരമല്ലാത്ത മൂവായിരത്തില് പരം വിദ്യാലയങ്ങള് ഇപ്പോള് തന്നെ കേരളത്തിലുണ്ട്. ഇനിയും വര്ദ്ധിക്കാനുള്ള സാദ്ധ്യതയാണ് അനുദിനം മുളച്ചു പൊന്തുന്ന അനംഗീകൃത വിദ്യാലയങ്ങളുടെ എണ്ണം സുചിപ്പിക്കുന്നത്. ഈ അവസ്ഥ തുടര്ന്നാല് അതിന്റെ ദുരിതം ഏറ്റവുംമേറെ അനുഭവിക്കുക മെച്ചപ്പെട്ട വിദ്യാഭ്യാസം വിലകൊടുത്തുവാങ്ങാന് കഴിയാത്ത നെയ്ത്തുകാരെപ്പോലുള്ള ,കൃഷിപ്പണിക്കാരെപ്പോലുള്ള സമൂഹത്തിലെ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവ൪ക്കാണ്. ഇതനുവദിച്ചുകൂട. പൊതുവിദ്യാലയങ്ങളെ നവീകരിച്ചുക്കൊണ്ടും കൂടുതല് ആകര്ഷകമാക്കിക്കൊണ്ടും ഇംഗ്ലീഷ് മീഡിയം ഇല്ലാതെ തന്നെ നന്നായി ഇംഗ്ലീഷ് സംസാരിക്കാനുള്ള ശേഷി കുട്ടികളില് ഉണ്ടാക്കിക്കൊണ്ടും മാത്രമേ ഇത് സാധിക്കു. ദേശീയ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ഭാഗമായി ഓരോ വിദ്യാലയത്തിലും രൂപീകരിച്ചു നടപ്പാക്കാന് പോകുന്ന വിദ്യാലയ വികസന പദ്ധധിയുടെ പ്രധാന ലക്ഷ്യം ,ഈ ആധുനിക വല്ക്കരണമായിരിക്കണം.നല്ല കെട്ടിടങ്ങളും ഭംഗിയുള്ള ക്ലാസ് മുറികളും ആധുനിക ഫ൪ണിച്ചറുകളും നല്ല കളിസ്ഥലങ്ങളും ,മെച്ചപ്പെട്ട ഭക്ഷണവും ,പുതിയ പഠനൊപകരണങ്ങളുമൊക്കെ നമ്മുടെ ഓരോ പോതുവിദ്യായാഭ്യാസത്തിലുംമുണ്ടാകണം . ഉള്ളടക്കത്തിലും പഠന പ്രക്രിയയിലും പൊതു വിദ്യാലയങ്ങള് ബഹുദൂരം മുന്നിലാണെങ്കിലും അതുമാത്രം പോര. കെട്ടിലും മട്ടിലും കാഴച്ചയിലും ഒക്കെ അത് അനംഗീകൃത വിദ്യാലയങ്ങളെ പിന്നിലാക്കണം . ഇത് കേരളത്തിലെ ഒരു രണ്ടാം വിദ്യഭ്യാസ വിപ്ലവമായി കണ്ടു എല്ലാ സ്കൂള് സമൂഹങ്ങളും ഇതിനായി ഒരു വിപ്ലവ രംഗത്തിറങ്ങേണ്ടിയിരിക്കുന്നു.

കുട്ടനാട് മേഖലയില്‍ കാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്

അപ്പര്‍ കുട്ടനാട് മേഖലയില്‍ കാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്. ഈ വര്‍ഷം മാത്രം ഇതുവരെ 18പേരാണ് കാന്‍സര്‍ ബാധിച്ച് മരിച്ചത്. നെല്‍കൃഷി നാശം പതിവായിരിക്കുന്ന അപ്പര്‍ കുട്ടനാട് മേഖലയില്‍ കാന്‍സര്‍ രോഗികളുടെ എണ്ണം പെരുകുന്നത് പുതിയ പ്രതിസന്ധിയാവുകയാണ്. പ്രകൃതി ദുരന്തങ്ങളില്‍ കാര്‍ഷിക മേഖലയ്ക്കുണ്ടായ കനത്ത നാശങ്ങള്‍ക്ക് പുറമെയാണ് അപ്പര്‍ കുട്ടനാട്ടില്‍ ക്യാന്‍സര്‍ വില്ലനായി എത്തുന്നത്. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിലായി സ്ഥിതിചെയ്യുന്ന അപ്പര്‍ കുട്ടനാടന് മേഖലയില്‍ നെല്‍കൃഷിക്കായി മലാത്തിയോണ്‍ പോലുള്ള നിരോധിത കീടനാശിനികളുടെ ഉപയോഗം വ്യാപകമാണ്. ഇത്തരം കീടനാശിനികളുടെ ഉപയോഗം ക്യാന്‍സറിന് കാരണമാകുമെന്ന് പഠനങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ട്. ഭൂഗര്‍ഭ ജലത്തില്‍ കീടനാശിനികള്‍ കലരുന്നതാണ് പ്രശ്‌നം രൂക്ഷമാക്കുന്നത്.ക്യാന്‍സര്‍ വ്യാപകമാകുന്നതിനെക്കുറിച്ച് പഠനം നടത്താന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്ന ആരോപണം ശക്തമാണ്.

നടത്തം ചെലവില്ലാത്ത വ്യായാമം

ഇന്ന്‌ മനുഷ്യന്റെ പ്രധാന പ്രശ്‌നങ്ങളിലൊന്നാണ്‌ അമിതവണ്ണം. കൃത്യമായി ഭക്ഷണം കഴിക്കുകയും അതിന്നനുസരിച്ച്‌ ജോലി ചെയ്യാതിരിക്കലുമാണ്‌ ഇതിന്‌ കാരണം. പ്രമേഹം, രക്തസമ്മര്‍ദം, അധികകൊഴുപ്പം, പിത്താശയക്കല്ല്‌, കാല്‍മുട്ട്‌ വീക്കം, നടുവേദന തുടങ്ങിയ രോഗങ്ങള്‍ക്ക്‌ ഭാരക്കൂടുതല്‍ കാരണമാകുന്നുണ്ട്‌. നിത്യവും നടത്തം ശീലമാക്കിയാല്‍ അമിതവണ്ണത്തെ തടയാന്‍ സാധിക്കും.ഹൃദയത്തിന്റെ പ്രവര്‍ത്തനം സുഗമമാക്കാന്‍ നടത്തം ഉത്തമ മാര്‍ഗമാണ്‌. നടക്കുമ്പോള്‍ ഹൃദയത്തിലേക്കുള്ള രക്തസഞ്ചാരം കൂടും. അതുവഴി ഹൃദയത്തിന്‌ കൂടുതല്‍ പ്രാണവായു ലഭിക്കും. ഇങ്ങനെ ലഭിക്കുന്ന പ്രാണവായു ഹൃദയത്തെ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ സഹായിക്കും. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം സുഗമമാക്കാനും നടത്തം നല്ലതാണ്‌.നടക്കുന്ന സമയത്ത്‌ ശ്വാസകോശങ്ങളിലേക്കുള്ള രക്തസഞ്ചാരവും പ്രാണവായുവിന്റെ ഒഴുക്കും വര്‍ധിക്കും. മാത്രമല്ല, ശരീരത്തില്‍ സംഭവിക്കുന്ന ചില രാസപ്രക്രിയയുടെ ഫലമായി മാലിന്യങ്ങള്‍ വിയര്‍പ്പിലൂടെയും ഉച്ഛ്വാസ വായുവിലൂടെയും പുറന്തള്ളപ്പെടുന്നു. ഇതുമൂലം ശ്വാസകോശ രോഗങ്ങള്‍ ഒരു പരിധിവരെ ഇല്ലാതാകും. നടക്കുമ്പോള്‍ ശരീരത്തിലെ എല്ലാ പേശികളും ഒരുപോലെ ഉണരും. ശരീരം ചൂടാവുകയും മാംസപേശികളിലേക്കുള്ള രക്തസഞ്ചാരം വര്‍ധിക്കുകയും ചെയ്യും.പേശികളുടെ പ്രവര്‍ത്തനവും ചലനവും അനായാസമാക്കാന്‍ നടത്തം ഉപകരിക്കും. അകാരണ ക്ഷീണത്തിനും നടത്തം നല്ലൊരു ഔഷധമാണ്‌. പക്ഷാഘാതം, വാതരോഗം എന്നിവ അകറ്റാനും നടത്തത്തിന്‌ കഴിയും. ദിവസവും കായിക ജോലികളില്‍ ഏര്‍പ്പെടാത്തവര്‍ രാവിലെയും വൈകുന്നേരവും കുറച്ചുനേരം നടക്കുന്നത്‌ ഏറെ ആരോഗ്യദായകമാണ്‌.