കാഴ്ചപ്പാട്

വികസനത്തിന്റെ ജനകീയ നിര്‍വ്വചനം ഇതാണ്.; " ഈ മണ്ണില്‍ ജീവിക്കുന്ന മുഴുവന്‍ മനുഷ്യരുടെയും പ്രത്യേകിച്ച് അദ്ധ്വാനിച്ചു ജീവിക്കുന്ന മനുഷ്യരുടെ ജീവത് പ്രശ്നങ്ങള്‍ക്ക് പടി പടിയായി പരിഹാരം കാണുന്ന സാമൂഹിക പ്രക്രീയയാണ് വികസനം." അങ്ങനെ നോക്കുമ്പോള്‍ കുട്ടനാട്ടിലെ അവികസിതമായ മറ്റു ചെറു ഗ്രാമങ്ങളെ അപേക്ഷിച്ച് അനന്തമായ വികസന സാധ്യതകള്‍ക്ക് ആവശ്യം വേണ്ടുന്ന അടിസ്ഥാന സൌകര്യങ്ങള്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പേ ഉണ്ടായിരുന്നിട്ടും ഒരു തരത്തിലുമുള്ള വികസനം എത്തി നോക്കാത്ത ഒരു പ്രദേശമായി നമ്മുടെ നാട് മാറിയിരിക്കുന്നു. രാമങ്കരി പഞ്ചായത്തിലെ 4,5,6,7 വാര്ടുകളിലായുള്ള ഏകദേശം 1500 ഓളം വീടുകളിലായി അയ്യായിരത്തിലധികം ജനങ്ങള്‍ ഈ പ്രദേശത്ത് താമസിക്കുന്നു. മഹാ ഭൂരിപക്ഷം ജനങ്ങള്‍ക്കും വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടും സംഘടന ബോധവും ഉണ്ടെങ്കിലും രാഷ്ട്രീയ ഭരണ നേതൃത്വം വികസന കാര്യത്തില്‍ നമ്മുടെ നാടിനെ അനുഭാവ പൂര്‍വ്വം പരിഗണിച്ചിട്ടില്ല എന്നത് ഖേദകരമായ കാര്യമാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഭരണ നേതൃത്വത്തിനും വിശാലമായ കാഴ്ചപ്പാടാണ് ഉള്ളതെന്നത് കൊണ്ട് പ്രാദേശിക വികസന കാര്യത്തില്‍ സംഭവിച്ച ഗുരുതരമായ ഈ പോരായ്മക്ക് പ്രത്യക്ഷത്തില്‍ അവരെ പ്രതി ചേര്‍ക്കാന്‍ കഴിയില്ല. ശക്തമായ പ്രാദേശിക വാദം ഉയര്‍ത്തികൊണ്ടു മാമ്പുഴക്കരിയുടെ സമഗ്രവും സംപൂര്ന്നവുമായ വികസനം മാത്രം ലക്ഷ്യമാക്കി ഒരു പുതിയ കൂട്ടായ്മ ഉയര്‍ന്നു വരേണ്ടിയിരിക്കുന്നു.അനിവാര്യമായ മാറ്റത്തിന് തിരുത്തല്‍ ശക്തികള്‍ ഉയര്‍ന്നു വരികയെന്നത് ചരിത്രപരമായ ദൌത്യമാണ്. ഏറെ അഭിമാനത്തോടെ നമുക്ക് അത് ഏറ്റെടുക്കാം.വിവിധ രാഷ്ട്രീയ മത സാംസ്കാരിക സന്നദ്ധ സംഘടനകളുടെ നേതൃ സ്ഥാനം അലങ്കരിച്ചിട്ടുള്ള പ്രഗല്‍ഭരായ നിരവധി ആളുകള്‍ നമ്മുടെ ഈ കൊച്ചു പ്രദേശത്ത് ഉണ്ട്. അവരെയെല്ലാം ഈ മഹാ സംരംഭത്തിന്റെ നേതൃ നിരയില്‍ അണി നിരത്തിക്കൊണ്ട്‌ മതത്തിനും ജാതിക്കും രാഷ്ട്രീയത്തിനും മറ്റു വിഭാഗീയ ചിതകള്‍ക്കും അതീതമായി ചിന്തിക്കുന്ന മാമ്പുഴക്കരിയിലെ മുഴുവന്‍ ബഹുജനങ്ങളെയും ചെങ്ങലകണ്ണികള്‍ ആക്കികൊണ്ടുള്ള ഒരു വലിയ ജനകീയ മുന്നേറ്റമാണ് നമ്മള്‍ വിഭാവനം ചെയ്യുന്നത്. വികസനം അര്‍ത്ഥ പൂര്‍ണ്ണമാക്കാന്‍ വേണ്ട ഏറ്റവും പ്രധാന ഉപകരണമാണ് ദീര്‍ഘ വീക്ഷണമുള്ള ഒരു മാസ്റെര്‍ പ്ളാന്‍ .നമ്മുടെ മാസ്റെര്‍ പ്ളാനിനെ വികസനത്തിന്റെ ഒന്നാം ഘട്ടം, രണ്ടാം ഘട്ടം, മൂന്നാം ഘട്ടം എന്നിങ്ങനെ തരം തിരിച്ചു , ശാസ്ത്രീയമായ മുന്‍ ഗണനകള്‍ നല്‍കി കൊണ്ട് പ്രശ്ന പരിഹാരങ്ങള്‍ നിര്‍ദ്ധേഷിക്കപ്പെടനം. ഉപയോഗിക്കുവാന്‍ സ്വന്തമായി ഭൂമി ഉണ്ടാകുന്നത് മുതല്‍ സ്വന്തമായി എല്ലാ ജീവിത സാഹചര്യങ്ങള്‍ ഉണ്ടാകുന്ന വരെ വികസന മുന്ഗണനാ ക്രമം ചിട്ടപ്പെടുത്തണം. ഇത് നിരന്തര പഠനങ്ങള്‍ക്കും മാറ്റങ്ങള്‍ക്കും വിധേയമാക്കണം. അങ്ങനെ പടി പടിയായുള്ള പ്രാദേശിക വികസനം സാധ്യമാക്കണം. ഈ വിശാല കാഴ്ചപ്പാടിനെ അടിസ്ഥാനമാക്കി സംഘടനയുടെ പ്രവര്‍ത്തന മേഖലകളെ ഒന്നാം ഘട്ട വികസനത്തില്‍ ഉള്‍പ്പെടുത്തി താഴെ പരാമര്‍ശിക്കുന്ന 10 അടിസ്ഥാന ഘടകങ്ങള്‍ ആയി വിഭജിച്ചിരിക്കുന്നു. 1. വിദ്യാഭ്യാസം 2. പൊതുജനാരോഗ്യം 3. തൊഴിലും വ്യവസായവും 4. സാമ്പത്തികം 5. കാര്‍ഷികം 6. പരിസ്ഥിതി 7. കലാ കായികം 8. ജീവകാരുണ്യം 9. സ്ത്രീ ശാക്തീകരണം 10.ഗവേഷണവും തുടര്‍ പഠനവും.
മേല്‍ പ്രസ്താവിച്ച മേഖലയില്‍ പ്രഥമ പരിഗണന കൊടുത്തു ഒന്നാം ഘട്ട വികസനത്തില്‍ ഉള്‍പ്പെടുത്തി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാനും പ്രയോഗത്തില്‍ വരുത്തുവാനും വിവിധ സബ് കമ്മറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. ഇച്ചാ ശക്തിയോടെയും ആത്മാര്‍ഥതയോടെയും പ്രവര്‍ത്തിച്ചാല്‍ നമ്മുടെ നാടിനെ നമുക്ക് ചുരുങ്ങിയ കാലം കൊണ്ട് മാറ്റിയെടുക്കാം. വികസനത്തിന്റെ മറ്റൊരു മാതൃക നമുക്ക് സൃഷ്ട്ടിക്കാം.

No comments:

Post a Comment