Thursday, 16 January 2014

സുസ്ഥിര വികസനം

സുസ്ഥിര വികസനം എന്നത് കേരളത്തിന്റെ മുഖ്യഅജന്‍ഡയാകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അതുകൊണ്ടു തന്നെ മാധ്യമങ്ങള്‍ ഈ വിഷയം മുഖ്യധാരാ വിഷയമായിത്തന്നെ ഏറ്റെടുക്കണം. ഒപ്പം തന്നെ സാമൂഹ്യ, രാഷ്ട്രീയ പ്രസ്ഥാനങ്ങളും സുസ്ഥിര വികസന സങ്കല്‍പ്പം ആഴത്തില്‍ ചര്‍ച്ച ചെയ്യണം, അജന്‍ഡയായി ഏറ്റെടുക്കണം. ഈയൊരു വികസന കാഴ്ചപ്പാടിലൂെട മാത്രമേ കമ്പോള കേന്ദ്രീകൃത വ്യവസ്ഥയുടെ ആഘാതങ്ങളില്‍ നിന്ന് കേരളത്തെ രക്ഷിക്കാന്‍ കഴിയൂ. കേരളത്തിന്റെ പ്രത്യേക ഭൂപ്രകൃതി നിലനിര്‍ത്തുവാനും ഭാവിതലമുറയ്ക്ക്‌ ഇവിടെ ജീവിതം സാധ്യമാകുവാനും കുടിവെള്ളം, കൃഷി, ഭക്ഷ്യസുരക്ഷ, ഊര്‍ജ്ജം, നഗരവികസനം എന്നിവ സാധ്യമാകുവാനും സംസ്ഥാനം സുസ്ഥിര വികസനമെന്ന ഹരിത വികസനത്തിലേക്ക്‌ ചുവടുമാറ്റം നടത്തേണ്ടതായിട്ടുണ്ട്‌. 1992 ല്‍ ഇന്ത്യയടക്കം 130 രാജ്യങ്ങള്‍ പങ്കെടുത്ത റിയോഡിജനീറോയില്‍ നടന്ന ഭൗമ ഉച്ചകോടിയിലെ മുഖ്യ അജണ്ടയും സുസ്ഥിര വികസനം എന്നതായിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ മനുഷ്യന്റെ പ്രകൃതിയുടെ മേല്‍ നടന്ന കടന്നുകയറ്റം ലോകത്തെ ഇത്തരത്തില്‍ ചിന്തിപ്പിക്കുന്നതിന്‌ ഇടവരുത്തി. വികസനത്തിന്റെ പേരില്‍ അന്തരീക്ഷത്തിലേക്ക്‌ വ്യവസായങ്ങള്‍ തള്ളുന്ന വിഷ വായു, വനനശീകരണം, കൃഷിയില്‍ ഉപയോഗിക്കുന്ന അമിതമായ രാസവള-കീടനാശിനി പ്രയോഗം, പ്രകൃതി വിഭവങ്ങളുടെ അമിത ഉപയോഗം, നദികളുടെ ഗതിമാറ്റിയുള്ള ഉപയോഗം, വിളകളുടെ ജനിതക മാറ്റം, ജനസംഖ്യാ വിസ്ഫോടനം, അമിതമായ വ്യവസായവല്‍ക്കരണം, ഫോസില്‍ ഇന്ധനങ്ങളുടെ ക്രമാതീതമായ ഉപയോഗം, ജലം വില്‍പ്പന ചരക്കായത്‌ എന്നിവയെല്ലാം ഭൂമിയിലെ മനുഷ്യന്റെ നിലനില്‍പ്പിന്‌ ഭീഷണിയായിരിക്കയാണ്‌. മാനവരാശി അവലംബിക്കുന്ന സാമ്പത്തിക നയങ്ങള്‍ വന്‍ പരിസ്ഥിതി നാശത്തിലേയ്ക്കാണ്‌ ലോക സമൂഹത്തെ കൊണ്ടെത്തിച്ചിരിക്കുന്നത്‌. ആഗോള പരിസ്ഥിതിയും വികസനവും സംബന്ധിച്ച കമ്മീഷനാണ്‌ ആദ്യമായി സുസ്ഥിര വികസനമെന്ന ആശയം ലോകത്തിന്‌ മുന്നില്‍ തുറന്നത്‌. എക്കാലവും നിലനില്‍ക്കാവുന്ന വികസനമാണ്‌ നമുക്ക്‌ വേണ്ടതെന്ന്‌ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. ഇന്നത്തെയും നാളെത്തേയും തലമുറകളുടെ ജീവിതം ദുസ്സഹമാക്കാതിരിക്കുവാന്‍ ഇത്‌ അത്യന്താപേക്ഷിതവുമാണ്‌. ഇന്നത്തെ ആവശ്യങ്ങള്‍ നാളത്തെ തലമുറയുടെ ആവശ്യങ്ങള്‍ കവര്‍ന്ന്‌ തിന്നുന്നതാകരുതെന്നാണ്‌ സുസ്ഥിര വികസനത്തിലെ പ്രധാന ആശയം. ലോകത്തിന്റെ ആവശ്യങ്ങളില്‍ പാവപ്പെട്ടവര്‍ക്ക്‌ മുന്‍ഗണന നല്‍കണം, ഇന്ന്‌ ലഭ്യമായ എല്ലാ ശാസ്ത്ര സാങ്കേതിക വിദ്യകളും ഉപയോഗിക്കേണ്ടത്‌ ഇന്നത്തെയും നാളത്തെയും തലമുറകളുടെ ആവശ്യങ്ങള്‍ ഉള്‍ക്കൊണ്ടാകണം എന്നതാണ്‌ പരിസ്ഥിതി-വികസനം ആഗോള കമ്മീഷന്‍ മുന്നോട്ടുവച്ച രണ്ട്‌ പ്രധാന മുദ്രാവാക്യങ്ങള്‍. ലോകത്തെ 82.7 ശതമാനം വരുമാനവും ജനസംഖ്യയുടെ 20 ശതമാനത്തിന്റെ കൈകളിലേക്കാണ്‌ എത്തിച്ചേരുന്നത്‌. ലോകവരുമാനത്തിന്റെ 1.4 ശതമാനം മാത്രമാണ്‌ ദരിദ്രരായ ശതകോടി ആളുകള്‍ക്ക്‌ ലഭിക്കുന്നത്‌. ജനങ്ങള്‍ നിയന്ത്രണമില്ലാതെ ജീവിച്ചതുകൊണ്ട്‌ ലോകം നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍ താഴെ പറയുന്നവയാണ്‌. വ്യവസായവല്‍ക്കരണത്തിന്റെ തിക്തഫലമായുണ്ടായ വായു
മലിനീകരണം മൂലം പ്രതിവര്‍ഷം മൂന്ന്‌ ദശലക്ഷം ആളുകളാണ്‌ മരിക്കുന്നത്‌. ആഗോളതാപനം ഇന്ന്‌ വലിയ ആപത്തായി മാറുവാന്‍ അമിതമായ കാര്‍ബണ്‍ ബഹിര്‍ഗമനം നിമിത്തമായിരിക്കുന്നു. അമേരിക്കയുടെ കാര്‍ബണ്‍ എമിഷന്‍ 1990 നേക്കാള്‍ 16 ശതമാനം കൂടുതലാണിത്‌. ലോകത്തെ ഏറ്റവും വലിയ വായുമലിനീകരണത്തിന്റെ സ്രോതസ്സും ഇന്ന്‌ അമേരിക്കയാണ്‌. ലോക ജനസംഖ്യയുടെ 40 ശതമാനം അതിരൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവിക്കുകയാണ്‌. ലോകത്തെ പകുതിയിലധികവും തണ്ണീര്‍ത്തടങ്ങളും അപ്രത്യക്ഷമായിരിക്കുന്നു. ഒപ്പം അഞ്ചില്‍ ഒന്ന്‌ എന്ന കണക്കില്‍ ശുദ്ധജല ജീവികളും എന്നെന്നേയ്ക്കുമായി ഭൂമുഖത്ത്‌ നിന്നും അപ്രത്യക്ഷമായിരിക്കുന്നു. പ്രതിവര്‍ഷം 2.2 ദശലക്ഷം ആളുകളാണ്‌ മലിനജലം കുടിച്ച്‌ മരിക്കുന്നത്‌. 1990 ന്‌ ശേഷം ലോകത്തെ 2.4 ശതമാനം വനമേഖലയും നഷ്ടപ്പെട്ടു. വനനാശത്തിന്റെ തോത്‌ പ്രതിവര്‍ഷം 90000 ചതുരശ്ര കി.മീ. എന്ന നിരക്കിലാണ്‌. ലോകത്തെ മൂന്നില്‍ രണ്ട്‌ ഭാഗം പാടശേഖരങ്ങളും മണ്ണിന്റെ ഗുണനിലവാര കുറവുമൂലം ഉപയോഗശൂന്യമായിരിക്കുന്നു. ലോകത്തെ പകുതിയിലധികം പുല്‍മേടുകളും നശിച്ചില്ലാതായിരിക്കുന്നു. ഇന്ത്യയില്‍ ആവശ്യമായ കാലിത്തീറ്റയുടെ 25 ശതമാനം കുറവുണ്ടായിരിക്കുന്നു. 800 ലധികം വന്യജീവികള്‍ക്ക്‌ വംശനാശം സംഭവിച്ചിരിക്കുന്നു. 11000 ജീവികള്‍ വംശനാശ ഭീഷണി നേരിടുന്നവയാണ്‌. ലോകത്തിലെ സമുദ്രങ്ങളില്‍ നിന്നും എഴുപത്തി അഞ്ച്‌ ശതമാനത്തിലേറെ മത്സ്യസമ്പത്ത്‌ നശിച്ചില്ലാതായിരിക്കുന്നു. 1990 കളില്‍ നോര്‍ത്ത്‌ അമേരിക്കയില്‍ മാത്രം പത്ത്‌ മത്സ്യ ഇനങ്ങള്‍ അപ്രത്യക്ഷമായി. ഇന്ന്‌ ലോകത്തുള്ള 9946 പക്ഷി ഇനങ്ങളില്‍ 70 ശതമാനത്തിലധികം വംശനാശ ഭീഷണി നേരിടുന്നവയാണ്‌. 1990 ന്‌ ശേഷം 800 ദശലക്ഷം ആളുകള്‍ ലോകജനസംഖ്യയില്‍ വര്‍ധിച്ചിരിക്കുന്നു. 2000ത്തില്‍ ആറ്‌ ശതകോടിയായ ലോകജനസംഖ്യ പ്രതിവര്‍ഷം 94 ദശലക്ഷം വര്‍ധിച്ച്‌ 2025 ല്‍ ഒമ്പത്‌ ശതകോടിയും 2050 ല്‍ 12.5 ശതകോടിയുമായി ഉയരുമെന്നും കണക്കാക്കപ്പെട്ടിരിക്കുന്നു. ലോകത്തിലെ ജനസംഖ്യയുടെ 54 ശതമാനവും ഏഷ്യയിലും ആഫ്രിക്കയിലുമാണ്‌. ലോകത്തിലെ ദരിദ്രരുടെ 62 ശതമാനവും തെക്കേ ഏഷ്യയിലാണ്‌. വികസ്വര രാജ്യങ്ങളിലെ 30 ശതമാനം ആളുകളുടേയും പ്രതിദിന വരുമാനം ഒരു ഡോളറില്‍ താഴെയാണ്‌. ലോകത്തെ സമ്പത്ത്‌ ജനസംഖ്യയുടെ അഞ്ചില്‍ ഒന്നിന്റെ കൈകളിലാണ്‌. അവരാണ്‌ ലോകത്തിലെ 83 ശതമാനം സമ്പത്തും നിയന്ത്രിക്കുന്നതും. വികസിത രാജ്യങ്ങളിലെ ജനങ്ങളാണ്‌ ലോകത്തെ പാവപ്പെട്ടവരെക്കാള്‍ ഊര്‍ജ്ജത്തിന്റെ 12 ഇരട്ടി ഉപയോഗം നടത്തുന്നത്‌. ലോകത്തിന്റെ ഇന്നത്തെ അവസ്ഥയുടെ നേര്‍കാഴ്ചയാണിത്‌. കേരളത്തെ സംബന്ധിച്ചിടത്തോളം ക്രമാതീതമായ പ്രകൃതി വിഭവ ചൂഷണം സംസ്ഥാനത്തെ ജീവിതം ഭാവി തലമുറയ്ക്കും ദുസ്സഹമാകുന്ന നിലയിലേയ്ക്കാണ്‌ നീങ്ങുന്നത്‌. മഴമാറിയാല്‍ കുടിവെള്ളക്ഷാമം, ദുസ്സമായ വേനല്‍ചൂട്‌, പ്രകൃതി വിഭവങ്ങളുടെ ലഭ്യത കുറവ്‌, ഭരണരംഗത്തെ സ്വജനപക്ഷപാതം, രാഷ്ട്രീയ നേതൃത്വത്തിന്റെ ഇച്ഛാനുസരണം പോലീസിനെ ഉപയോഗിക്കല്‍, പാടശേഖരങ്ങളും ചതുപ്പുകളും കായലുകളും നികത്തി പ്രാദേശിക കാലാവസ്ഥയില്‍ വന്‍മാറ്റം വരുത്തിയിരിക്കുന്നു, എങ്ങും ഗതാഗത കുരുക്ക്‌, വനമേഖലയുടെ സ്വകാര്യവല്‍ക്കരണം, പ്രകൃതിയ്ക്ക്‌ രൂപമാറ്റം വരുത്തല്‍ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത പ്രശ്നങ്ങളാണ്‌ കേരളം മാറി മാറി ഭരിച്ച മുന്നണികള്‍ കേരളജനതയ്ക്ക്‌ സമ്മാനിച്ചിരിക്കുന്നത്‌. ഒരു പരിസ്ഥിതി പ്രശ്നം തീര്‍ക്കാന്‍ മറ്റൊരു പ്രശ്നം സൃഷ്ടിക്കുക. കടന്നുപോയ തലമുറ സമ്മാനിച്ച പ്രകൃതി വരുംതലമുറയ്ക്ക്‌ ഏല്‍പ്പിക്കാനാകാത്ത സ്ഥിതിവിശേഷമാണ്‌ നിലവിലുള്ളത്‌. സുസ്ഥിര വികസന കാഴ്ച്ചപ്പാടിന്റെ അഭാവം സംസ്ഥാനത്തിന്റെ എല്ലാ രംഗങ്ങളിലുമുണ്ട്‌. പണമാണ്‌ എല്ലാറ്റിനും ആധാരം. കായല്‍ നികത്തുന്നതിനും പാടം മണ്ണിട്ട്‌ നികത്തി കരഭൂമിയാക്കുന്നതിനും ഭൂഗര്‍ഭ ജലത്തിന്റെ അമിതമായ ചൂഷണത്തിനും കര-വായു-ജലം എന്നിവയുടെ മലിനീകരണത്തിനും വനം വെട്ടി നശിപ്പിച്ചില്ലാതാക്കുന്നതിനും സംസ്ഥാന ഭരണ നേതൃത്വം കൂട്ടുനില്‍ക്കുന്നുവെന്നതാണ്‌ സുസ്ഥിര വികസന കാഴ്ചപ്പാടിന്‌ തടസ്സമായി നില്‍ക്കുന്നത്‌. നിയന്ത്രണമില്ലാതെ സ്വത്ത്‌ സമ്പാദിക്കുക അതും സംസ്ഥാനത്തിന്റെ പ്രകൃതി വിഭവങ്ങളുടെ പേരില്‍. അതിന്‌ രാഷ്ട്രീയ നേതൃത്വത്തിന്റെ പിന്തുണ! സംസ്ഥാനം നേരിടുന്ന മൂല്യച്യുതിയുടെ ഏറ്റവും വലിയ പാരമ്യത്തിലാണിന്ന്‌ കേരളം. രണ്ട്‌ പതിറ്റാണ്ടുമുമ്പുവരെ തെറ്റായി തോന്നിയിരുന്ന പല കാര്യങ്ങളും മനുഷ്യമനസ്സില്‍ ശരിയായി മാറിയിരിക്കുന്നു. മൂല്യങ്ങളില്‍ മാറ്റം വന്നിരിക്കുന്നു. കളവ്‌, ചതി, വഞ്ചന, സ്വജനപക്ഷപാതം, അനാശാസ്യം, അഴിമതി എന്നിവയുടെ നിര്‍വചനത്തിന്‌ പോലും മാറ്റം വന്നിരിക്കുന്നു. പല കാരണങ്ങളാല്‍ ശരിയായ കേരള സംസ്കാരം അന്യം നിന്നു പോകുന്നു. പ്രകൃതിയുടെ വരദാനങ്ങളായിരുന്ന കാവുകളും അരുവികളും നദികളും കുന്നുകളും മലകളും വനങ്ങളും ജലസ്രോതസ്സുകളും നെല്‍വയലുകളും തടാകങ്ങളും തോടുകളും ഇടത്തോടുകളും മറ്റും എന്നന്നേയ്ക്കുമായി നമുക്ക്‌ നഷ്ടമാവുകയാണ്‌. ജൈവവൈവിധ്യ ശോഷണം മൂലം കേരളത്തിന്റെ തനതായ ആയുര്‍വേദ ശാഖയ്ക്ക്‌ പോലും കോട്ടം സംഭവിച്ചിരിക്കുന്നു. സംസ്ഥാനത്തിന്റെ പച്ചപ്പും ജല ശൃംഖലാ ജാലങ്ങളും നമുക്ക്‌ നഷ്ടമാകുന്നു. ഇത്‌ കൈവിട്ട കളിയാണ്‌. അതുകൊണ്ട്‌ നാം സുസ്ഥിര വികസന കാഴ്ചപ്പാടിലേയ്ക്ക്‌ നയം മാറ്റം വരുത്തണം. മരം മുറിക്കുന്നതിന്‌ മുമ്പ്‌ മരത്തോട്‌ അനുവാദം ചോദിച്ചിരുന്നവരായിരുന്നു നാം. ജലകുടങ്ങളായ കുന്നുകളേയും ആരാധിച്ചിരുന്നവര്‍. അന്നദാതാക്കളായ നെല്‍വയലുകളെ പൊന്നുവിളയിക്കുന്ന ഭൂമിയാക്കിയിരുന്നവരാണ്‌ നാം. തൊടികളില്‍ അത്യാവശ്യം ഭക്ഷണത്തിനുള്ള പച്ചക്കറികളെങ്കിലും ഉല്‍പ്പാദിപ്പിച്ചിരുന്ന സമൂഹമായിരുന്നു നമ്മുടേത്‌. ഇന്ന്‌ പ്രകൃതിയെ ചൂഷണം ചെയ്യണം, പ്രകൃതി വിഭവങ്ങള്‍ വിറ്റു തുലക്കേണ്ടതാണെന്ന കാഴ്ചപ്പാട്‌ വന്നിരിക്കുന്നു. ഭൂമി വില്‍പ്പനച്ചരക്കാണിന്ന്‌. ഭൂമിയെ അമ്മയായി കണ്ടിരുന്ന ഒരു ജനവിഭാഗത്തിന്‌ വന്നിരിക്കുന്ന മാറ്റമാണത്‌. കേരളത്തിലെ ഭൂരിപക്ഷമായിരുന്ന ജനവിഭാഗം പകച്ചുനില്‍ക്കുകയാണ്‌.

No comments:

Post a Comment